iPhone-ൽ മൊബൈൽ സേവനം സജ്ജീകരിക്കൂ
നിങ്ങളുടെ iPhone-ന് ഒരു മൊബൈൽ നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ ഫിസിക്കൽ സിം അല്ലെങ്കിൽ ഇ-സിം ആവശ്യമാണ്. (എല്ലാ മോഡലുകളിലും അല്ലെങ്കിൽ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും എല്ലാ ഓപ്ഷനുകളും ലഭ്യമല്ല. യു.എസിൽ നിന്ന് വാങ്ങിയ iPhone 14-ലും അതിന് ശേഷമുള്ള മോഡലുകളിലും, നിങ്ങൾക്ക് ഇ-സിം മാത്രമേ ഉപയോഗിക്കാനാവൂ.) ഒരു സിം ലഭിക്കുന്നതിനും മൊബൈൽ സേവനം സജ്ജീകരിക്കുന്നതിനും നിങ്ങളുടെ നെറ്റ്വർക്ക് ദാതാവിനെ ബന്ധപ്പെടൂ.
ഒരു ഇ-സിം സജ്ജീകരിക്കൂ
പിന്തുണയ്ക്കുന്ന iPhone മോഡലുകൾക്ക് നിങ്ങളുടെ നെറ്റ്വർക്ക് ദാതാവ് നൽകുന്ന ഇ-സിം ഡിജിറ്റലായി സംഭരിക്കാനാകും. നിങ്ങളുടെ നെറ്റ്വർക്ക് ദാതാവ് ‘ഇ-സിം നെറ്റ്വർക്ക് ദാതാവ് ആക്റ്റിവേഷനോ’ ‘ഇ-സിം ദ്രുത കൈമാറ്റമോ’ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, സജ്ജീകരണ സമയത്ത് നിങ്ങളുടെ ഇ-സിം സജീവമാക്കാൻ നിങ്ങൾക്ക് iPhone ഓണാക്കുകയും നിർദേശങ്ങൾ പിന്തുടരുകയും ചെയ്യാം.
നിങ്ങൾ ഇതിനകം സജ്ജീകരണം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:
നിങ്ങളുടെ iPhone ലഭ്യമായ Wi-Fi അല്ലെങ്കിൽ മൊബൈൽ നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ. ഇ-സിം സജ്ജീകരണത്തിന് ഒരു ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.
താഴെപ്പറയുന്ന രീതികളിൽ ഒന്ന് ഉപയോഗിച്ച് ഒരു ഇ-സിം ചേർക്കൂ:
ഇ-സിം നെറ്റ്വർക്ക് ദാതാവ് സജീവമാക്കൽ: ചില നെറ്റ്വർക്ക് ദാതാക്കൾക്ക് നിങ്ങളുടെ iPhone-ലേക്ക് ഒരു പുതിയ ഇ-സിം നേരിട്ട് അസൈൻ ചെയ്യാൻ കഴിയും; ഈ പ്രക്രിയ ആരംഭിക്കാൻ നിങ്ങളുടെ നെറ്റ്വർക്ക് ദാതാവുമായി ബന്ധപ്പെടൂ. നിങ്ങൾക്ക് ‘മൊബൈൽ സേവനം സജ്ജീകരിക്കുന്നത് പൂർത്തിയാക്കൂ’ എന്ന അറിയിപ്പ് ലഭിക്കുമ്പോൾ അതിൽ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ ‘ക്രമീകരണം
> മൊബൈൽ സേവനം’ എന്നതിലേക്ക് പോയി, ‘മൊബൈൽ സേവനം സജ്ജീകരിക്കൂ’ അല്ലെങ്കിൽ ‘ഇ-സിം ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
ഇ-സിം ദ്രുത കൈമാറ്റം: നിങ്ങളുടെ മുൻപത്തെ iPhone-ൽ നിന്ന് പുതിയ iPhone-ലേക്ക് കോൺടാക്റ്റ് ചെയ്യാതെ ഒരു ഫോൺ നമ്പർ കൈമാറ്റം ചെയ്യുന്നതിനെ ചില നെറ്റ്വർക്ക് ദാതാക്കൾ പിന്തുണയ്ക്കുന്നുണ്ട് (രണ്ട് ഡിവൈസുകളിലും iOS 16 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്).
നിങ്ങളുടെ പുതിയ iPhone-ൽ, ക്രമീകരണം > മൊബൈൽ സേവനം എന്നതിലേക്ക് പോയി, ‘മൊബൈൽ സജ്ജീകരിക്കൂ’ അല്ലെങ്കിൽ ‘ഇ-സിം ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ‘അടുത്തുള്ള iPhone-ൽ നിന്ന് കൈമാറ്റം ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ഒരു ഫോൺ നമ്പർ തിരഞ്ഞെടുക്കൂ. നിങ്ങളുടെ മുൻപത്തെ iPhone-ൽ, കൈമാറ്റം ചെയ്യുന്നത് സ്ഥിരീകരിക്കുന്നതിന് നിർദേശങ്ങൾ പിന്തുടരൂ.
കുറിപ്പ്: നിങ്ങളുടെ ഫോൺ നമ്പർ പുതിയ iPhone-ലേക്ക് കൈമാറ്റം ചെയ്തതിന് ശേഷം, അത് നിങ്ങളുടെ മുൻപത്തെ iPhone-ൽ പ്രവർത്തിക്കുന്നത് നിർത്തുന്നു.
നിങ്ങളുടെ നെറ്റ്വർക്ക് ദാതാവ് നൽകുന്ന ഒരു QR കോഡ് സ്കാൻ ചെയ്യൂ: ‘ക്രമീകരണം > മൊബൈൽ സേവനം’ എന്നതിലേക്ക് പോയി, ‘മൊബൈൽ സേവനം സജ്ജീകരിക്കൂ’ അല്ലെങ്കിൽ ‘ഇ-സിം ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ‘QR കോഡ് ഉപയോഗിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. (നിങ്ങൾക്ക് ആദ്യം ’മറ്റ് ഓപ്ഷനുകൾ’ ടാപ്പ് ചെയ്യേണ്ടിവന്നേക്കാം.) iPhone യഥാസ്ഥാനത്ത് വെച്ചാൽ QR കോഡ് ഫ്രെയിമിൽ ദൃശ്യമാകും, അല്ലെങ്കിൽ വിശദാംശങ്ങൾ മാനുവലായി നൽകൂ. നിങ്ങളുടെ നെറ്റ്വർക്ക് ദാതാവ് നൽകുന്ന ഒരു സ്ഥിരീകരണ കോഡ് നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
മറ്റൊരു സ്മാർട്ട്ഫോണിൽ നിന്ന് കൈമാറ്റം ചെയ്യൂ: നിങ്ങളുടെ മുൻപത്തെ ഫോൺ Apple iPhone അല്ലെങ്കിൽ, ഫോൺ നമ്പർ കൈമാറ്റം ചെയ്യാൻ നിങ്ങളുടെ നെറ്റ്വർക്ക് ദാതാവിനെ ബന്ധപ്പെടൂ.
പങ്കെടുക്കുന്ന ഒരു നെറ്റ്വർക്ക് ദാതാവിന്റെ ആപ്പിലൂടെ സേവനം സജീവമാക്കൂ: App Store-ലേക്ക് പോയി നെറ്റ്വർക്ക് ദാതാവിന്റെ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം മൊബൈൽ സേവനം സജീവമാക്കാൻ ആപ്പ് ഉപയോഗിക്കൂ.
ഇ-സിം സജീവമാക്കിയിട്ടുണ്ടെന്ന് പരിശോധിച്ചുറപ്പിക്കാൻ, ക്രമീകരണം > മൊബൈൽ സേവനം എന്നതിലേക്ക് പോകൂ, ശേഷം പുതിയ ലൈൻ (ഇ-സിമ്മുകൾക്ക് താഴെ) ഓൺ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ.
ട്രബിൾഷൂട്ടിങ് ഘട്ടങ്ങൾക്കായി, നിങ്ങളുടെ iPhone-ൽ ഒരു ഇ-സിം സജ്ജീകരിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ എന്ന Apple പിന്തുണാ ലേഖനം കാണൂ.
ഒരു ഫിസിക്കൽ സിം ഇൻസ്റ്റോൾ ചെയ്യൂ
ഒരു നെറ്റ്വർക്ക് ദാതാവിൽ നിന്ന് നിങ്ങൾക്ക് ഒരു നാനോ സിം കാർഡ് ലഭിക്കും, അല്ലെങ്കിൽ നിങ്ങളുടെ മുൻപത്തെ iPhone-ൽ നിന്ന് അത് നീക്കുകയും ചെയ്യാം.
കുറിപ്പ്: ഫിസിക്കൽ സിം യു.എസിൽ വാങ്ങിയ iPhone 14-ലും അതിന് ശേഷമുള്ള മോഡലുകളിലും പിന്തുണയ്ക്കുന്നില്ല.
ട്രേ ഇജക്റ്റ് ചെയ്യാൻ സിം ട്രേയുടെ ചെറിയ ദ്വാരത്തിൽ ഒരു പേപ്പർ ക്ലിപ്പോ സിം ഇജക്റ്റ് ടൂളോ ഇൻസേർട്ട് ചെയ്തതിന് ശേഷം iPhone-ലേക്ക് പുഷ് ചെയ്യൂ.
കുറിപ്പ്: സിം ട്രേയുടെ ആകൃതിയും ഓറിയന്റേഷനും iPhone മോഡലിനെയും നിങ്ങളുടെ രാജ്യത്തെയോ പ്രദേശത്തെയോ ആശ്രയിച്ചിരിക്കുന്നു.
iPhone -ൽ നിന്ന് ട്രേ നീക്കം ചെയ്യൂ.
സിം ട്രേയിൽ വയ്ക്കൂ. കോണാകൃതിയിലുള്ള മൂല ശരിയായ ഓറിയന്റേഷൻ നിർണയിക്കുന്നു.
ട്രേ തിരികെ iPhone-ലേക്ക് തന്നെ ഇൻസേർട്ട് ചെയ്യൂ.
നിങ്ങൾ മുൻപ് സിമ്മിൽ ഒരു പിൻ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, നിർദേശം ലഭിക്കുമ്പോൾ പിൻ ശ്രദ്ധാപൂർവ്വം നൽകൂ.
മുന്നറിയിപ്പ്: സിം പിൻ ഒരിക്കലും ഊഹിക്കാൻ ശ്രമിക്കരുത്. ഒരു അസാധുവായ ഊഹം നിങ്ങളുടെ സിം എന്നെന്നേക്കുമായി ലോക്ക് ചെയ്തേക്കാം, മാത്രമല്ല ഒരു പുതിയ സിം ലഭിക്കുന്നതുവരെ നിങ്ങളുടെ നെറ്റ്വർക്ക് ദാതാവിലൂടെ ഫോൺ കോളുകൾ ചെയ്യാനോ മൊബൈൽ ഡാറ്റ ഉപയോഗിക്കാനോ കഴിയുകയുമില്ല. നിങ്ങളുടെ iPhone-നോ iPad-നോ വേണ്ടി ഒരു സിം പിൻ ഉപയോഗിക്കൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.
ഒരു ഫിസിക്കൽ സിം ഒരു ഇ-സിമ്മിലേക്ക് പരിവർത്തനം ചെയ്യൂ
നിങ്ങളുടെ നെറ്റ്വർക്ക് ദാതാവ് പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് പിന്തുണയ്ക്കുന്ന iPhone മോഡലിൽ ഒരു ഫിസിക്കൽ സിമ്മിനെ ഇ-സിമ്മിലേക്ക് പരിവർത്തനം ചെയ്യാം.
‘ക്രമീകരണം
> മൊബൈൽ സേവനം’ എന്നതിലേക്ക് പോയി, ‘മൊബൈൽ സേവനം സജ്ജീകരിക്കൂ’ അല്ലെങ്കിൽ ‘ഇ-സിം ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഒരു ഫിസിക്കൽ സിം ഉള്ള ഫോൺ നമ്പർ തിരഞ്ഞെടുക്കൂ.
‘ഇ-സിമ്മിലേക്ക് പരിവർത്തനം ചെയ്യൂ’ ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.
പ്രധാനപ്പെട്ടത്: മൊബൈൽ സേവന ശേഷികളുടെ ലഭ്യത വയർലെസ് നെറ്റ്വർക്കിനെയും നിങ്ങളുടെ iPhone മോഡലിനെയും നിങ്ങളുടെ ലൊക്കേഷനെയും ആശ്രയിച്ചിരിക്കുന്നു.
നിങ്ങളുടെ മൊബൈൽ പ്ലാനുകൾ മാനേജ് ചെയ്യുമ്പോൾ ബാധകമായ ഡാറ്റ, വോയ്സ്, റോമിങ് നിരക്കുകൾ എന്നിവ പരിഗണിക്കുക, പ്രത്യേകിച്ചും നിങ്ങൾ iPhone കൊണ്ട് യാത്ര ചെയ്യുമ്പോൾ. മൊബൈൽ ഡാറ്റ ക്രമീകരണം കാണൂ അല്ലെങ്കിൽ മാറ്റൂ എന്നത് കാണൂ.
മറ്റൊരു നെറ്റ്വർക്ക് ദാതാവിൽ ഉപയോഗിക്കുന്നതിനായി iPhone അൺലോക്ക് ചെയ്യാൻ ചില നെറ്റ്വർക്ക് ദാതാക്കൾ നിങ്ങളെ അനുവദിക്കുന്നുണ്ട് (അധിക ഫീസ് ബാധകമായേക്കാം). അധികാരപ്പെടുത്തലിനും സജ്ജീകരണ വിവരങ്ങൾക്കുമായി നിങ്ങളുടെ നെറ്റ്വർക്ക് ദാതാവുമായി ബന്ധപ്പെടൂ. മറ്റൊരു നെറ്റ്വർക്ക് ദാതാവിൽ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ iPhone എങ്ങനെ അൺലോക്ക് ചെയ്യാം എന്ന Apple പിന്തുണാ ലേഖനം കാണൂ.