നിങ്ങളുടെ കുട്ടിക്കായി ഒരു Mac സജ്ജീകരിക്കൂ
നിങ്ങളുടെ കുട്ടിക്ക് സ്വന്തമായി Mac ഉണ്ടെങ്കിലും കുടുംബത്തിന്റേത് പങ്കിടുകയാണെങ്കിലും, അവരുടെ ആപ്പുകളും വിവരങ്ങളും നിങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നതിനായി അവർക്ക് സ്വന്തമായി ഒരു യൂസർ അക്കൗണ്ടും Apple അക്കൗണ്ടും സജ്ജീകരിച്ചുനൽകൂ. നിങ്ങൾ കുടുംബ പങ്കിടൽ ഉപയോഗിക്കുകയാണെങ്കിൽ, അവരുടെ അക്കൗണ്ടിനായുള്ള ‘സ്ക്രീൻ സമയവും’ രക്ഷാകർതൃ നിയന്ത്രണങ്ങളും നിങ്ങൾക്ക് മാനേജ് ചെയ്യാം. പങ്കിട്ട Mac-ൽ, നിങ്ങളുടെ കുട്ടിക്കായി അവരുടെ സ്വന്തം ‘ചൈൽഡ് അക്കൗണ്ട്’ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു പുതിയ യൂസർ അക്കൗണ്ട് ചേർക്കാം.
നിങ്ങളുടെ കുട്ടിക്കായി ഒരു പുതിയ Mac സജ്ജീകരിക്കൂ
ലിഡ് തുറന്ന് പവർ ബട്ടൺ അമർത്തിപ്പിടിച്ച് നിങ്ങളുടെ കുട്ടിയുടെ Mac ഓണാക്കൂ.
‘സജ്ജീകരണ സഹായി’യിലെ സ്ക്രീനിലുള്ള നിർദേശങ്ങൾ പിന്തുടരൂ. Wi-Fi നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്യുന്നതോ, ഒരു ചൈൽഡ് അക്കൗണ്ട് സൃഷ്ടിക്കുന്നതോ (ഇതിനകം ചെയ്തിട്ടില്ലെങ്കിൽ), രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കുന്നതോ പോലെ, നിങ്ങളുടെ Mac-ന്റെ ആദ്യ സജ്ജീകരണം ഘട്ടം ഘട്ടമായി പറഞ്ഞുതന്ന് വേഗത്തിൽ ഉപയോഗം തുടങ്ങാൻ ‘സജ്ജീകരണ സഹായി’ നിങ്ങളെ സഹായിക്കുന്നു.
സജ്ജീകരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ Mac-നുള്ള ‘ഉപയോഗിച്ചുതുടങ്ങാം’ ഗൈഡ് കണ്ടെത്തൂ എന്നത് കാണൂ.
ഒരു പങ്കിട്ട കുടുംബ Mac-ൽ നിങ്ങളുടെ കുട്ടിക്കായി ഒരു യൂസർ അക്കൗണ്ട് സജ്ജീകരിക്കൂ
നിങ്ങളുടെ Mac-ലെ ‘സിസ്റ്റം ക്രമീകരണം’ ആപ്പിലേക്ക് പോകൂ.
സൈഡ്ബാറിലെ ‘യൂസർമാരും ഗ്രൂപ്പുകളും’ എന്നതിൽ ക്ലിക്ക് ചെയ്യൂ.
വലതുവശത്തുള്ള ‘യൂസറെ ചേർക്കൂ’ ക്ലിക്ക് ചെയ്യൂ, തുടർന്ന് ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ അഡ്മിനിസ്ട്രേറ്റർ പാസ്വേഡ് നൽകൂ.
‘പുതിയ യൂസർ’ (അല്ലെങ്കിൽ ‘പുതിയ അക്കൗണ്ട്’) പോപ്പ്-അപ്പ് മെനുവിൽ നിന്ന് ‘സ്റ്റാൻഡേർഡ്’ തിരഞ്ഞെടുക്കൂ.
പേരും പാസ്വേഡും നൽകാനുള്ള ഫീൽഡുകൾ പൂരിപ്പിച്ച് ‘യൂസറെ സൃഷ്ടിക്കൂ’ ക്ലിക്ക് ചെയ്യൂ.
ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ Mac റീസ്റ്റാർട്ട് ചെയ്യൂ അല്ലെങ്കിൽ Apple മെനുവിൽ നിന്ന് ‘ലോഗ് ഔട്ട് ചെയ്യൂ’ തിരഞ്ഞെടുക്കൂ.
ലോഗിൻ വിൻഡോയിൽ, നിങ്ങൾ സൃഷ്ടിച്ച പുതിയ അക്കൗണ്ട് തിരഞ്ഞെടുക്കൂ, തുടർന്ന് അതിന്റെ പേരും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യൂ.
സജ്ജീകരണം പൂർത്തിയാക്കാൻ സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ Apple ID ഉപയോഗിക്കാൻ ആവശ്യപ്പെടുമ്പോൾ, നിങ്ങളുടെ കുട്ടിയുടെ Apple അക്കൗണ്ട് വിവരങ്ങൾ നൽകൂ, നിങ്ങളുടെ സ്വന്തം വിവരങ്ങളല്ല. ഒരു ‘ചൈൽഡ് അക്കൗണ്ട്’ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ കുട്ടിയുടെ Apple ഡിവൈസുകൾക്കായി ഒരു ‘ചൈൽഡ് അക്കൗണ്ട്’ സൃഷ്ടിക്കൂ എന്നത് കാണൂ.
നിങ്ങളും നിങ്ങളുടെ കുട്ടിയും ഒരേ Mac ആണ് ഉപയോഗിക്കുകയെങ്കിൽ, നിങ്ങൾ ഉപയോഗം നിർത്തുമ്പോൾ നിങ്ങളുടെ യൂസർ അക്കൗണ്ടിൽ നിന്ന് ലോഗ് ഔട്ട് ചെയ്യൂ. നിങ്ങളുടെ Mac-ൽ യൂസർമാർക്കിടയിൽ വേഗത്തിൽ സ്വിച്ച് ചെയ്യാൻ നിരവധി വഴികളുണ്ട്.
അടുത്തതായി എന്താണ് ചെയ്യേണ്ടത്?
നിങ്ങളുടെ കുട്ടിയുടെ ഡിവൈസിലെ എല്ലാ രക്ഷാകർതൃ നിയന്ത്രണങ്ങളുടെയും ഒരു അവലോകനം നേടൂ. നിങ്ങളുടെ കുട്ടിയുടെ ഡിവൈസിലെ രക്ഷാകർതൃ നിയന്ത്രണങ്ങൾ വീക്ഷിക്കൂ എന്നത് കാണൂ.