‘സമയ അലവൻസുകളെ’ കുറിച്ച്
‘സമയ അലവൻസുകൾ’ നിങ്ങൾക്ക് ‘വിനോദം’, ‘ഗെയിമുകൾ’, ‘സോഷ്യൽ മീഡിയ’ എന്നിവ പോലുള്ള വിഭാഗങ്ങളിലുടനീളമുള്ള ആപ്പുകളിൽ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കുട്ടി ചെലവഴിക്കുന്ന സമയം മാനേജ് ചെയ്യാനുള്ള വഴികൾ നൽകുന്നു. ഇതിന് ഡിവൈസ് ഉപയോഗവുമായി ബന്ധപ്പെട്ട് സ്ഥിരമായ ഒരു ദിനചര്യയെ പിന്തുണയ്ക്കാനും, കുടുംബങ്ങളെ അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കാനും കഴിയും.
കുറിപ്പ്: 'സമയ അലവൻസുകൾ’ ഉപയോഗിക്കാൻ, നിങ്ങൾക്ക് iOS, iPadOS, macOS, watchOS, അല്ലെങ്കിൽ visionOS-ന്റെ പതിപ്പ് 27-ഓ അതിന് ശേഷമുള്ളതോ ആവശ്യമാണ്. നിങ്ങളുടെ ‘കുടുംബ പങ്കിടൽ’ ഗ്രൂപ്പിലെ ഒരു കുട്ടിക്കായി നിങ്ങൾ ‘സമയ അലവൻസുകൾ’ സജ്ജീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ കുടുംബ ഗ്രൂപ്പിലെ എല്ലാ ഡിവൈസുകളും അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ Apple ഡിവൈസുകൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്ന് അറിയൂ.
സമയ അലവൻസുകൾ എങ്ങനെ പ്രവർത്തിക്കുന്നു
ആപ്പുകൾ അവയുടെ സോഷ്യൽ മീഡിയ ശേഷികളുടെയും App Store വിഭാഗത്തിന്റെയും അടിസ്ഥാനത്തിൽ, ‘വിനോദം’, ‘ഗെയിമുകൾ’, ‘സോഷ്യൽ മീഡിയ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ദൃശ്യമായേക്കാം. ‘ചൈൽഡ് അക്കൗണ്ടുകളു’ടെ കാര്യത്തിൽ, ഈ വിഭാഗങ്ങൾക്കെല്ലാം കൂടിയുള്ള നിങ്ങളുടെ കുട്ടിയുടെ പങ്കിട്ട അലവൻസിനും ഓരോ വിഭാഗത്തിനും വേറിട്ടുള്ള അലവൻസിനും പ്രായത്തിനനുസരിച്ചുള്ള ഒരു ആരംഭ ബിന്ദു ‘സമയ അലവൻസുകൾ’ നിർദേശിക്കുന്നു.
നിങ്ങൾക്ക് ഓരോ വിഭാഗത്തിനും സമയം ക്രമപ്പെടുത്തുകയും അത് പൊതുവായ മാർഗനിർദേശങ്ങൾക്കുള്ളിൽ വരുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യാം. നിങ്ങളുടെ കുടുംബത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ നിങ്ങൾക്ക് പുതിയ വിഭാഗങ്ങൾ ചേർക്കുകയോ ഒരു നിശ്ചിത വിഭാഗത്തിൽ ഉൾപ്പെടുന്ന ആപ്പുകൾ മാറ്റുകയോ ചെയ്യാം. ഒരു ആപ്പ് ഡെവലപ്പർ അവരുടെ ആപ്പിനെ ഒരു അനുബന്ധ വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ സജ്ജമാക്കുന്ന സമയ പരിധിയിൽ രണ്ടിലും ചെലവഴിക്കുന്ന സമയം ഉൾപ്പെടും.
നിങ്ങളുടെ കുട്ടിക്ക് ഓരോ വിഭാഗത്തിലെയും ആപ്പുകൾ, വിഭാഗത്തിന്റെ അലവൻസിലോ ഈ വിഭാഗങ്ങളിലുടനീളമുള്ള പങ്കിട്ട അലവൻസിലോ എത്തുന്നത് വരെ ഉപയോഗിക്കാം. കൂടുതൽ സമയം ആവശ്യമാണെങ്കിൽ, നിങ്ങൾക്ക് ഒരു അഭ്യർഥന അയയ്ക്കാൻ അവർക്ക് കഴിയും. നിങ്ങളുടെ കുട്ടിയുടെ ‘സ്ക്രീൻ സമയ’ ക്രമീകരണങ്ങളുടെ മുകളിലുള്ള കൺട്രോളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ നിന്ന് എപ്പോൾ വേണമെങ്കിലും ആക്സസ് പോസ് ചെയ്യാനോ റീസ്റ്റോർ ചെയ്യാനോ ഉള്ള സൗകര്യവും നിങ്ങൾക്കുണ്ട്. നിങ്ങളുടെ കുട്ടിയുടെ ‘സ്ക്രീൻ സമയ’ ക്രമീകരണങ്ങൾ വേഗത്തിൽ ക്രമപ്പെടുത്തൂ എന്നത് കാണൂ.
കുടുംബങ്ങളെ സഹായിക്കാൻ Apple നൽകുന്ന നിരവധി ടൂളുകളിൽ ഒന്നാണ് ‘സമയ അലവൻസുകൾ’. Apple കുട്ടികൾക്കായി നൽകുന്ന സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ, Apple-ന്റെ ‘കുട്ടികളുടെ സുരക്ഷ’ പേജ് സന്ദർശിക്കൂ.
‘സമയ അലവൻസു’കളെ സമീപിക്കേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച നുറുങ്ങുകൾ
സ്ക്രീൻ ഉപയോഗത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ, American Academy of Pediatrics ‘അഞ്ച് C-കൾ’ പരിഗണിക്കാൻ നിർദേശിക്കുന്നു:
ചൈൽഡ് (Child): നിങ്ങളുടെ കുട്ടിയുടെ പ്രായം, സ്വഭാവം, വികാസ ഘട്ടം എന്നിവ പരിഗണിക്കൂ. ഒരേ തരത്തിൽ അല്ലെങ്കിൽ അളവിൽ ഉള്ള മീഡിയയോട് കുട്ടികൾ വ്യത്യസ്തമായി പ്രതികരിച്ചേക്കാം.
കണ്ടന്റ് (Content): വേഗമേറിയതോ അക്രമാസക്തമോ ആയ മീഡിയയേക്കാൾ വിദ്യാഭ്യാസപരവും പ്രായത്തിന് അനുയോജ്യവും പോസിറ്റീവുമായ ഉള്ളടക്കം തിരഞ്ഞെടുക്കുന്നത് പരിഗണിക്കൂ.
കാം (Calm): മീഡിയ ഉപയോഗം നിങ്ങളുടെ കുട്ടിയുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ സഹായിക്കുകയാണോ അതോ ദോഷകരമായി ബാധിക്കുകയാണോ ചെയ്യുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കൂ.
ക്രൗഡിങ് ഔട്ട് (Crowding out): സ്ക്രീൻ സമയം എന്തിനെയൊക്കെയാണ് മാറ്റിനിർത്തുന്നതെന്നത് പരിഗണിക്കൂ—ഉറക്കം, ശാരീരിക പ്രവർത്തനം, ഹോംവർക്ക്, വീടിന് പുറത്തുള്ള കളി, അല്ലെങ്കിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള സമയം—എന്നിട്ട് ആ പ്രവർത്തനങ്ങൾക്കായി കൂടുതൽ ഇടം സൃഷ്ടിക്കൂ.
കമ്യൂണിക്കേഷൻ (Communication): കുട്ടികൾ ഓൺലൈനിൽ എന്താണ് കാണുന്നതെന്നതിനെക്കുറിച്ചും ചെയ്യുന്നതെന്നതിനെക്കുറിച്ചും അവരുമായി സംസാരിക്കൂ, അതിലൂടെ മീഡിയ പ്രോസസ് ചെയ്യാനും അതിൽ നിന്ന് പഠിക്കാനും അവരെ സഹായിക്കൂ.
പ്രായ ഗ്രൂപ്പ് അനുസരിച്ചുള്ള മാർഗനിർദേശം
താഴെയുള്ള മാർഗനിർദേശം ക്ലിനിക്കൽ, ചൈൽഡ് ഡെവലപ്പ്മെന്റ് ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കുടുംബങ്ങൾക്ക്, അവരുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായതിനെ അടിസ്ഥാനമാക്കി ക്രമപ്പെടുത്താൻ കഴിയുന്ന ഒരു ആരംഭ പോയിന്റ് നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
5 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള മാർഗനിർദേശം
2 വർഷത്തിൽ താഴെ: കുടുംബവുമായും സുഹൃത്തുക്കളുമായുമുള്ള വീഡിയോ കോളുകൾക്ക് അനുവദിച്ചിട്ടുള്ളതല്ലാത്ത സ്ക്രീൻ സമയം ഈ പ്രായത്തിലുള്ളവർക്ക് നൽകേണ്ടതില്ല എന്നാണ് ഗവേഷണവും വിദഗ്ധരുടെ മാർഗനിർദേശവും പൊതുവെ നിർദേശിക്കുന്നത്. ഈ ഘട്ടത്തിൽ, പ്രായോഗികമായ കളികളിലൂടെയും ചുറ്റുമുള്ള ആളുകളുമായി നേരിട്ടുള്ള ഇടപെടലുകളിലൂടെയുമാണ് ശിശുക്കളും പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങളും ഏറ്റവും നന്നായി പഠിക്കുന്നത്.
2–5 വയസ്സുള്ള കുട്ടികൾക്ക്: ഈ പ്രായത്തിൽ, കൊച്ചുകുട്ടികൾ ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ശീലങ്ങൾ രൂപപ്പെടുത്താൻ തുടങ്ങുന്നു. മീഡിയ പരിധികൾ സജ്ജീകരിക്കുന്നത് കളിക്കാനും, പങ്കിട്ട വായനയ്ക്കും, കുടുംബത്തിനും വേണ്ടിയുള്ള സമയം സംരക്ഷിക്കാൻ സഹായിക്കുന്നു. ഏത് പ്രോഗ്രാമിങ്ങും പ്രായത്തിന് അനുയോജ്യമായിരിക്കണം, സ്ക്രീനിലുള്ളതിനെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്ന തരത്തിൽ ഒരുമിച്ച് കാണുന്നതാണ് ഏറ്റവും നല്ലത്. വലിയ വികാരങ്ങളും ഈ പ്രായത്തിന്റെ ഭാഗമാണ്, വിവിധ തന്ത്രങ്ങളിലൂടെ ആ വികാരങ്ങളെ മറികടക്കാൻ കുട്ടികളെ സഹായിക്കുന്നത് ചെറുപ്പത്തിലേ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കും.
6–12 വയസ്സുള്ള കുട്ടികൾക്കുള്ള മാർഗനിർദേശം
ഈ പ്രായത്തിൽ, ഉറക്കം, ചലനം, കളികൾ, കുടുംബത്തോടൊപ്പമുള്ള സമയം എന്നിവയ്ക്കായി ധാരാളം സമയം മാറ്റിവയ്ക്കേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസപരമായ മൂല്യമുള്ള ഗുണനിലവാരമുള്ള ഉള്ളടക്കം തിരഞ്ഞുകണ്ടെത്തൂ, സാധ്യമാകുന്നിടത്ത് ഓട്ടോപ്ലേയും അനന്തമായ സ്ക്രോളിങ്ങും ഓഫാക്കൂ. സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങുന്നതിന് 13 വയസ്സാകുന്നതുവരെ കാത്തിരിക്കാൻ പല വിദഗ്ധരും നിർദേശിക്കുന്നു.
13–17 വയസ്സുള്ള കൗമാരപ്രായക്കാർക്കുള്ള മാർഗനിർദേശം
കൗമാരക്കാർക്ക് ഏറ്റവും നല്ലത് ഘട്ടംഘട്ടമായുള്ള സ്വാതന്ത്ര്യമാണെന്ന് പല കുടുംബങ്ങളും മനസ്സിലാക്കുന്നു—ആദ്യ ഘട്ടങ്ങളിൽ, അവർ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോൾ, കൂടുതൽ മാർഗനിർദേശവും മേൽനോട്ടവും, അവർ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചുകാണിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യവും.
പ്രത്യേകിച്ച് പ്രായം കുറഞ്ഞ കൗമാരക്കാരുടെ കാര്യത്തിൽ, സോഷ്യൽ മീഡിയയ്ക്കുള്ള അവരുടെ സജ്ജത വിലയിരുത്തിക്കൊണ്ടിരിക്കുകയും ഉറക്കം, കുടുംബം, ശാരീരിക പ്രവർത്തനങ്ങൾ, നേരിട്ടുള്ള വ്യക്തിബന്ധങ്ങൾ എന്നിവയ്ക്കുള്ള അവശ്യ സമയം സംരക്ഷിക്കുകയും ചെയ്യൂ.
കൂടുതൽ സ്വാതന്ത്ര്യമുള്ള കൗമാരക്കാരിൽ, ഉറക്കക്കുറവ്, നിർബന്ധിത ഉപയോഗം, ഗ്രേഡുകൾ കുറയുന്നത്, അല്ലെങ്കിൽ ആത്മാഭിമാന പ്രശ്നങ്ങൾ എന്നിവ പോലുള്ള ഡിവൈസ് ഉപയോഗവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ശ്രദ്ധിക്കൂ. കൂടാതെ കൗമാരക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കൂ, അതുവഴി അവർക്ക് പിന്തുണ ആവശ്യമെങ്കിൽ നിങ്ങളെ സമീപിക്കാമെന്ന് അവർക്ക് മനസ്സിലാകട്ടെ.