നിങ്ങളുടെ Apple Account പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ കഴിയാത്തപ്പോൾ അക്കൗണ്ട് റിക്കവറി എങ്ങനെ ഉപയോഗിക്കാം

നിങ്ങൾ ടു-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ, സൈൻ ഇൻ ചെയ്യാനോ പാസ്‌വേഡ് റീസെറ്റ് ചെയ്യാനോ കഴിയുന്നില്ലെങ്കിൽ, അക്കൗണ്ട് റിക്കവറി കാത്തിരിപ്പ് കാലയളവിന് ശേഷം നിങ്ങൾക്ക് ആക്സസ് വീണ്ടെടുക്കാൻ കഴിയും.

എന്താണ് അക്കൗണ്ട് റിക്കവറി?

നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ ആവശ്യമായ വിവരങ്ങൾ ഇല്ലാതിരിക്കുമ്പോൾ Apple Account-ലേക്ക് നിങ്ങളെ തിരികെ കൊണ്ടുപോകുന്നതിനുള്ള പ്രക്രിയയാണ് അക്കൗണ്ട് റിക്കവറി. സുരക്ഷാപരമായ കാരണങ്ങളാൽ, നിങ്ങളുടെ അക്കൗണ്ട് വീണ്ടും ഉപയോഗിക്കാൻ നിരവധി ദിവസങ്ങളോ കൂടുതൽ കാലയളവോ കാത്തിരിക്കേണ്ടി വന്നേക്കാം. ഈ കാലതാമസം അസൗകര്യമുണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാം, പക്ഷേ നിങ്ങളുടെ അക്കൗണ്ടും വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് പ്രധാനമാണ്.

നിങ്ങൾ അക്കൗണ്ട് റിക്കവറി കാത്തിരിപ്പ് കാലയളവ് ആരംഭിക്കുന്നതിന് മുമ്പ്, വിശ്വസ്തമായ ഒരു ഡിവൈസിൽ നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ ശ്രമിക്കുക.

നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാൻ കഴിയാതിരിക്കുകയോ മറ്റൊരു രീതിയിലും നിങ്ങളുടെ Apple Account പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ കഴിയാതിരിക്കുകയോ ചെയ്യുമ്പോൾ, അവസാന വഴി എന്ന നിലയിൽ മാത്രമേ അക്കൗണ്ട് റിക്കവറി ഉപയോഗിക്കാവൂ.

  • നിങ്ങൾ Apple Account-ൽ ഏത് ഇമെയിൽ വിലാസമാണ് അല്ലെങ്കിൽ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെങ്കിൽ, വ്യത്യസ്ത ഇമെയിൽ വിലാസങ്ങളോ ഫോൺ നമ്പറുകളോ പരീക്ഷിക്കുക. നിങ്ങളുടെ Apple Account-ലെ ഫയലിലുള്ള ഏത് ഇമെയിൽ വിലാസങ്ങളും അല്ലെങ്കിൽ ഫോൺ നമ്പറുകളും ഉപയോഗിച്ച് നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാനും പാസ്‌വേഡ് റീസെറ്റ് ചെയ്യാനും കഴിയും.

  • വിശ്വസ്തമായ ഡിവൈസ് ഇല്ലെങ്കിൽ, ഒരു കുടുംബാംഗത്തിൻ്റെ iPhone അല്ലെങ്കിൽ iPad-ൽ Apple Support ആപ്പ് ഉപയോഗിച്ച് പാസ്‌വേഡ് റീസെറ്റ് ചെയ്യാം നിങ്ങൾക്കൊരു Apple Store സന്ദർശിക്കുകയും സൈറ്റിലുള്ള ഒരു ഡിവൈസ് ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്യാം.

  • നിങ്ങളൊരു അക്കൗണ്ട് റിക്കവറി കോൺടാക്റ്റ് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, അവർക്കും നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ ഹായിക്കാനാകും.

നിങ്ങളുടെ അക്കൗണ്ട് റിക്കവറി ആരംഭിക്കുക

അക്കൗണ്ട് റിക്കവറി ആരംഭിക്കാനുള്ള ഏറ്റവും വേഗതയേറിയതും എളുപ്പവുമായ മാർഗം നിങ്ങളുടെ ഡിവൈസിൽ തന്നെയാണുള്ളത്. ക്രമീകരണത്തിലോ സിസ്റ്റം ക്രമീകരണത്തിലോ, നിങ്ങളുടെ ഡിവൈസിൽ സൈൻ ഇൻ ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ പാസ്‌വേഡ് അറിയില്ലെങ്കിലോ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ കഴിയില്ലെങ്കിലോ, അക്കൗണ്ട് റിക്കവറി ആരംഭിക്കാനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ ഡിവൈസിൻ്റെ ബ്രൗസറിലൂടെ iforgot.apple.comഎന്നതിൽ നിന്ന് അക്കൗണ്ട് റിക്കവറി ആരംഭിക്കാനും കഴിയും.

  • നിങ്ങൾ ക്രമീകരണത്തിലോ സിസ്റ്റം ക്രമീകരണത്തിലോ Apple Support ആപ്പിലോ ആണ് അക്കൗണ്ട് റിക്കവറി ആരംഭിച്ചതെങ്കിൽ, അക്കൗണ്ട് റിക്കവറി കാലയളവിൽ നിങ്ങൾക്ക് ആ നിർദ്ദിഷ്ട ഡിവൈസ് ഉപയോഗിക്കുന്നത് തുടരാം.

  • നിങ്ങൾ അക്കൗണ്ട് റിക്കവറി അഭ്യർത്ഥന ആരംഭിച്ചത് ഏത് രീതിയിലായാലും, അക്കൗണ്ട് റിക്കവറി പൂർത്തിയാകുന്നത് വരെ, നിങ്ങളുടെ Apple Account ഉപയോഗിച്ച് നിലവിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന മറ്റെല്ലാ ഡിവൈസുകളും നിങ്ങൾ ഓഫാക്കണം. അഭ്യർത്ഥന നടപ്പാക്കുന്ന സമയത്ത് നിങ്ങളുടെ Apple Account ഉപയോഗിച്ചുകൊണ്ടിരുന്നാൽ, നിങ്ങളുടെ അക്കൗണ്ട് റിക്കവറി ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും.

  • നിങ്ങളുടെ ബ്രൗസറിലൂടെ iforgot.apple.comവഴിയാണ് അക്കൗണ്ട് റിക്കവറി ആരംഭിച്ചതെങ്കിൽ, ഈ സമയത്ത് ആ ഡിവൈസ് ഉപയോഗിക്കരുത്. സാധ്യമെങ്കിൽ ആ ഡിവൈസ് ഓഫാക്കുക. ആ ഡിവൈസ് ഉപയോഗിക്കുന്നത് അക്കൗണ്ട് റിക്കവറി റദ്ദാക്കിയേക്കാം.

അക്കൗണ്ട് റിക്കവറി ആരംഭിച്ച ശേഷം.

നിങ്ങൾ അക്കൗണ്ട് റിക്കവറി അഭ്യർത്ഥിച്ച ശേഷം, നിങ്ങളുടെ അഭ്യർത്ഥനയുടെ സ്ഥിരീകരണവും നിങ്ങൾക്ക് വീണ്ടും ആക്സസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന തീയതിയും സമയവും ഉൾപ്പെടുന്ന ഇമെയിൽ ലഭിക്കും. 72 മണിക്കൂറിനുള്ളിൽ ഈ ഇമെയിൽ ലഭിക്കും.

നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ നിരവധി ദിവസങ്ങളോ അതിൽക്കൂടുതൽ കാലയളവോ എടുത്തേക്കാം. Apple Support-നെ കോൺടാക്റ്റ് ചെയ്യുന്നതിലൂടെ ഈ സമയം കുറയ്ക്കാനാകില്ല.

കാത്തിരിക്കൽ കാലയളവ് അവസാനിക്കുമ്പോൾ, നിങ്ങളുടെ അക്കൗണ്ട് ആക്സസ് വീണ്ടെടുക്കുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ ടെക്സ്റ്റ് Apple നിങ്ങൾക്ക് അയയ്ക്കുകയോ ഓട്ടോമേറ്റഡ് ഫോൺ കോളിലൂടെ ഇത് അറിയിക്കുയോ ചെയ്യും. ഒറിജിനൽ ഇമെയിലിൽ വ്യക്തമാക്കിയിട്ടുള്ള കാലയളവ് അവസാനിച്ചു കഴിഞ്ഞിട്ടും നിങ്ങൾക്ക് ടെക്സ്റ്റോ കോളോ ലഭിച്ചില്ലെങ്കിൽ, അപ്പോഴും നേരിട്ട് apple.com/recover എന്നതിലേക്ക് പോകാം. നിങ്ങളുടെ Apple Account ആക്സസ് വീണ്ടെടുക്കാൻ അതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ പ്രാഥമിക ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്ന ആറക്ക കോഡ് പരിശോധിച്ചുറപ്പിക്കുന്നതിലൂടെ, അക്കൗണ്ട് റിക്കവറി പ്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാനോ ഉടൻതന്നെ നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാനോ കഴിഞ്ഞേക്കാം. നിങ്ങളുടെ ഐഡൻ്റിറ്റി സ്ഥിരീകരിക്കാനായി ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകിക്കൊണ്ടും കാത്തിരിക്കൽ സമയം കുറയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. നിങ്ങൾക്ക് ഈ ഓപ്ഷൻ നൽകിയാൽ, കാർഡ് ഇഷ്യൂവർക്കാണ് അധികാരപ്പെടുത്തൽ അഭ്യർത്ഥന പോകുക.*

നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് പരിശോധിക്കുക

നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാൻ എത്ര സമയമെടുക്കും അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ എപ്പോൾ ലഭ്യമാകും എന്നത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് കാണാനാകും. iforgot.apple.com എന്നതിലേക്ക് പോയി നിങ്ങളുടെ Apple Account ഇമെയിൽ വിലാസമോ ഫോൺ നമ്പറോ നൽകിയാൽ മാത്രം മതി.

നിങ്ങളുടെ അഭ്യർത്ഥന റദ്ദാക്കുക

  • നിങ്ങളുടെ വിവരങ്ങൾ ഓർമ്മവരികയും വിജയകരമായി സൈൻ ഇൻ ചെയ്യാൻ കഴിയുകയും ചെയ്താൽ, നിങ്ങളുടെ കാത്തിരിക്കൽ കാലയളവ് ഓട്ടോമാറ്റിക്കായി റദ്ദാകും, നിങ്ങളുടെ Apple Account ഉടൻ തന്നെ ഉപയോഗിക്കാനും കഴിയും.

  • നിങ്ങൾ നടത്താത്ത ഒരു റിക്കവറി അഭ്യർത്ഥന റദ്ദാക്കാൻ, നിങ്ങളുടെ ഇമെയിൽ സ്ഥിരീകരണത്തിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

* വാലിഡേഷൻ്റെ ഉദ്ദേശ്യത്തിനായി, ക്രെഡിറ്റ് കാർഡ് വാലിഡേറ്ററായി Apple Pay പ്രവർത്തിക്കുന്നില്ല. നിങ്ങൾ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ശരിയായി നൽകുകയും നിങ്ങളുടെ സുരക്ഷാ വിവരങ്ങൾ വീണ്ടും നൽകാൻ ആവശ്യപ്പെടുകയും ചെയ്താൽ, കാർഡ് ഇഷ്യൂവറെ ബന്ധപ്പെടുക. നിങ്ങളുടെ അധികാരപ്പെടുത്തൽ ശ്രമങ്ങൾ, ഇഷ്യൂവറാകാം നിരസിക്കുന്നത്.

പ്രസിദ്ധീകരിച്ച തീയതി: